കൊഴിഞ്ഞാമ്പാറ കുരുന്നുകളുടെ ഇരട്ടക്കൊലപാതകം: പിന്നിൽ സ്വതന്ത്ര ജീവിത മോഹങ്ങളും മോഡലിങ് സ്വപ്നവും
Pulamanthole vaarttha
പാലക്കാട് :കൊഴിഞ്ഞാമ്പാറയിൽ രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വെളിവാകുന്നത് .മാതാവിന്റെ സ്വതന്ത്ര ജീവിത മോഹങ്ങളും മോഡലിങ് സ്വപ്നവും.സ്വന്തം മക്കളായ ജെനിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റിഫർ (3) എന്നിവരെ താൻ തന്നെയാണ് വെള്ളത്തൊട്ടിയിൽ മുക്കിക്കൊന്നതെന്ന് മാതാവ് നിവേദ്യ പോലീസ് ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
സ്വതന്ത്രമായി ജീവിക്കാനും മോഡലിങ് രംഗത്തേക്ക് കടക്കാനും കുഞ്ഞുങ്ങൾ തടസ്സമാണെന്ന് കരുതിയാണ് ഈ ദാരുണകൃത്യം ചെയ്തതെന്നാണ് ഇവർ പോലീസിന് നൽകിയിരിക്കുന്ന ഞെട്ടിക്കുന്ന മൊഴി.നാടിനെ നടുക്കിയ സംഭവം നടന്ന ചൊവ്വാഴ്ച മുതൽ തന്നെ മരണത്തിൽ പോലീസ് ശക്തമായ ദുരൂഹത സംശയിച്ചിരുന്നു. തുടർന്ന് നാട്ടുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നും കൃത്യമായ വിവരങ്ങൾ ശേഖരിച്ച ശേഷം നിവേദ്യയെ കസ്റ്റഡിയിലെടുത്ത് വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത്. തനിക്ക് മോഡലിങ്ങിനും പഠനത്തിനും പോകാൻ ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാൽ ചെറിയ കുട്ടികൾ ഉള്ളത് അതിന് തടസ്സമായതിനാലാണ് കൊലപ്പെടുത്തിയതെന്നും നിവേദ്യ ചോദ്യം ചെയ്യലിൽ വ്യക്തമാക്കുകയായിരുന്നു.കുട്ടികളെക്കുറിച്ചും ഭർത്താവിനെക്കുറിച്ചും നാട്ടിൽ പലരും അപവാദങ്ങൾ പ്രചരിപ്പിച്ചിരുന്നതായി നിവേദ്യ പോലീസിനോട് പറഞ്ഞു. കുട്ടികൾ തന്റേതല്ലെന്ന തരത്തിൽ പ്രചാരണങ്ങൾ ഉണ്ടായെന്നും, അതിനാൽ കുട്ടികളെ കൊന്ന ശേഷം താനും ആത്മഹത്യ ചെയ്യാൻ പദ്ധതിയിട്ടിരുന്നെന്നും ഇവർ അവകാശപ്പെട്ടു. എന്നാൽ ഈ മൊഴികൾ കേസിന്റെ ഗതി തിരിക്കാനുള്ള നാടകമാണെന്നും ഇവ പൂർണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ലെന്നും അന്വേഷണ സംഘം അറിയിച്ചു. സംഭവത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താൻ കൂടുതൽ വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു.കൊലപാതകത്തിന് പിന്നാലെ നിവേദ്യയ്ക്കെതിരെ കടുത്ത ആരോപണങ്ങളുമായി കുട്ടികളുടെ പിതാവ് ജോൺകുമാറും മറ്റ് കുടുംബാംഗങ്ങളും രംഗത്തെത്തിയിട്ടുണ്ട്. കുട്ടികൾക്ക് മുങ്ങിമരിക്കാൻ തക്കവണ്ണം വലിയ അളവിലുള്ള വെള്ളം കുളിമുറിയിലെ തൊട്ടിയിൽ ഉണ്ടായിരുന്നില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ഒരു കുട്ടി അപകടത്തിൽപ്പെട്ടാൽ പോലും രണ്ടാമത്തെ കുട്ടി ബഹളം വെച്ച് ആളുകളെ അറിയിക്കുമായിരുന്നു എന്നും, രണ്ടുപേരും ഒരേ സമയം അബദ്ധത്തിൽ മുങ്ങിമരിച്ചുവെന്ന കഥ കെട്ടിച്ചമച്ചതാണെന്നും പിതാവ് ജോൺകുമാർ പോലീസിനോട് പരാതിപ്പെട്ടിരുന്നു.നിവേദ്യയുടെ അമിതമായ ഫോൺ ഉപയോഗവും അത് വഴിയുള്ള ബന്ധങ്ങളുമാണ് ഈ ദുരന്തത്തിന് പിന്നിലെന്നാണ് ഭർത്താവും കുടുംബവും സംശയിക്കുന്നത്. “വീട്ടിൽ എപ്പോഴും ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുന്നതാണ് ഭാര്യയുടെ പതിവ്. കുട്ടികളെ നോക്കാറില്ലായിരുന്നു. ആരോടാണ് സംസാരിക്കുന്നതെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു. സംഭവദിവസം മക്കളുമാർ മരിച്ചുപോകത്തക്ക അപകടമൊന്നും അവിടെ നടന്നിട്ടില്ല. ഇതിൽ വലിയ ദുരൂഹതയുണ്ട്”, എന്ന് വിതുമ്പലോടെ കുട്ടികളുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ 10.30-ഓടെയാണ് മേനോൻപാറ കൂരാങ്കാട്ടിലെ വാടകവീട്ടിൽ നാടിനെ വിറങ്ങലിപ്പിച്ച സംഭവം നടന്നത്. വടകരപ്പതി പഴണിയാർപാളയം മണൽക്കാട് സ്വദേശിയായ വിറകുവെട്ടു തൊഴിലാളി ജോൺകുമാറും കുടുംബവും രണ്ട് മാസം മുൻപാണ് ഇവിടെ താമസത്തിനെത്തിയത്. സംഭവദിവസം രാവിലെ ജോൺകുമാർ പണിക്കുപോയ സമയം നിവേദ്യയും ഈ രണ്ട് മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടികളെ കുളിമുറിയിലെ തൊട്ടിയിൽ മുക്കിക്കൊന്ന ശേഷം, അവർ കാണാതെ പോയെന്നും പിന്നീട് കുളിമുറിയിൽ കണ്ടെത്തുകയായിരുന്നുവെന്നും നിവേദ്യ അയൽവാസികളെ വിശ്വസിപ്പിക്കാൻ
ശ്രമിക്കുകയായിരുന്നു.മേനോൻപാറ ഗവ. യു.പി. സ്ളിലെ എൽ.കെ.ജി. വിദ്യാർത്ഥിനിയായിരുന്നു മരിച്ച ജെനിഫർ ജൂലിയറ്റ്. സംഭവത്തിൽ മാതാവ് നിവേദ്യയുടെ അറസ്റ്റ് പോലീസ് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും മറ്റ് വ്യക്തിപരമായ ബന്ധങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും, ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് പ്രതിക്ക് അർഹമായ ശിക്ഷ ഉറപ്പാക്കുമെന്നും കൊഴിഞ്ഞാമ്പാറ പോലീസ് അറിയിച്ചു.