ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്താല്‍ പിഴയോടൊപ്പം ലൈസന്‍സും റദ്ദാക്കും; നിയമങ്ങള്‍ കടുപ്പിച്ച് എംവിഡി
Pulamanthole vaarttha
കൊച്ചി: ഇരുചക്ര വാഹനങ്ങളിൽ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്താൽ പിഴ ഈടാക്കുന്നതോടൊപ്പം ചട്ടലംഘകരുടെ ഡ്രൈവിങ് ലൈസൻസ് മൂന്നു മാസത്തേക്ക് സസ്പെൻഡ് ചെയ്യാനുള്ള വ്യവസ്ഥയും നടപ്പാക്കിയേക്കും. കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിക്കുന്നവരുടെ ലൈസൻസ് മൂന്നു മാസത്തേക്ക് അയോഗ്യമാക്കാൻ വ്യവസ്ഥയുണ്ടെങ്കിലും, കേരളത്തിൽ ഇതുവരെ അത് പ്രാബല്യത്തിൽ വന്നിട്ടില്ല. ഇനി പിഴയ്ക്കൊപ്പം ലൈസൻസ് സസ്പെൻഷനും നടപ്പാക്കുന്നതിലൂടെ നിയമലംഘനങ്ങൾ കുറയ്ക്കാനാണ് ലക്ഷ്യം. ഹെൽമറ്റ് ധരിക്കാത്തവരെ ബോധവത്കരണ പരിശീലന ക്ലാസുകളിലേക്കും സാമൂഹിക സേവന പ്രവർത്തനങ്ങളിലേക്കും അയയ്ക്കാനുള്ള വ്യവസ്ഥയും പരിഗണനയിലുണ്ട്. കേന്ദ്ര നിയമപ്രകാരം ഇത്തരം കേസുകളിൽ 1,000 രൂപ പിഴ ഈടാക്കാമെങ്കിലും സംസ്ഥാന സർക്കാർ പ്രത്യേക അധികാരം ഉപയോഗിച്ച് പിഴത്തുക 500 രൂപയായി നിശ്ചയിച്ചിരുന്നു.
പിന്നിൽ ഇരിക്കുന്ന യാത്രക്കാരൻ ഹെൽമറ്റ് ധരിച്ചില്ലെങ്കിലും വാഹനമോടിക്കുന്നയാളുടെ ലൈസൻസിനാണ് നടപടി ബാധിക്കുന്നത്. സംസ്ഥാനത്തുടനീളം സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകൾ വഴി ഹെൽമറ്റ് ധരിക്കാത്ത യാത്രക്കാരെ കണ്ടെത്തി പിഴ ഈടാക്കുന്ന സംവിധാനം നിലവിലുണ്ട്. പിഴ അടയ്ക്കാതിരുന്നാൽ വാഹനങ്ങൾ ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടാനും സാധ്യതയുണ്ട്. എല്ലാ ഇരുചക്ര വാഹന യാത്രക്കാരും ഹെൽമറ്റ് നിർബന്ധമായും ധരിക്കുന്ന സാഹചര്യം ഉറപ്പാക്കിയാൽ സംസ്ഥാനത്തെ റോഡ് അപകടങ്ങൾ ഏകദേശം 20 ശതമാനം വരെ കുറയ്ക്കാനാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമനടപടികൾ കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
അതേസമയം, മറ്റ് ഗുരുതര ട്രാഫിക് നിയമലംഘനങ്ങൾക്കുമെതിരേ കർശന നടപടികൾ വരാനിരിക്കുകയാണ്. മദ്യപിച്ച് വാഹനമോടിക്കൽ, അപകടകരമായ ഡ്രൈവിങ്, മൽസരയോട്ടം, സാങ്കേതിക തകരാറുള്ള വാഹനങ്ങൾ നിരത്തിലിറക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് ആറുമാസം വരെ ലൈസൻസ് സസ്പെൻഷനും നിർബന്ധിത പരിശീലന ക്ലാസുകളും ഏർപ്പെടുത്തും. ആംബുലൻസ്, അഗ്നിശമന സേന തുടങ്ങിയ അടിയന്തര സേവന വാഹനങ്ങളുടെ യാത്ര തടസപ്പെടുത്തുന്നവർക്കും ആറുമാസത്തെ ലൈസൻസ് സസ്പെൻഷൻ ബാധകമാകും. അതിവേഗതയും അമിതഭാരവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് മൂന്നു മാസത്തെ സസ്പെൻഷനും പ്രത്യേക ബോധവത്കരണ ക്ലാസുകളിലും പങ്കെടുക്കേണ്ടതുമുണ്ടാകും. ഇതോടെ സംസ്ഥാനത്തെ ട്രാഫിക് നിയമലംഘനങ്ങൾ ഗണ്യമായി കുറയുമെന്ന പ്രതീക്ഷയിലാണ് മോട്ടോർ വാഹന വകുപ്പ്.
ഒറ്റപ്പാലം: റിട്ട. റവന്യു ഉദ്യോഗസ്ഥനുമായി സൗഹൃദം സ്ഥാപിച്ച ശേഷം ആസൂത്രിതമായി 20 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ...
കൊണ്ടോട്ടി : കൊണ്ടോട്ടിക്ക് സമീപം വലിയ പറമ്പില്‍ നടുറോഡിൽ വന്നിരുന്ന പിഞ്ച് കുഞ്ഞിനെ ഇതേറൂട്ടിൽ വന്ന ബസ് ഡ്രൈവർ കണ്ടതോടെ...
തൃശൂർ: തൃശൂർ കുന്നംകുളത്ത് സിനിമയെ വെല്ലുന്ന തന്ത്രങ്ങളുമായി കഞ്ചാവ് ഒളിപ്പിക്കാൻ ശ്രമിച്ച യുവാവിനെ ഒടുവിൽ കുക്കറിന്റെ വിസിൽ...
© Copyright , All Rights Reserved