അബുദാബിയിലെ ഇരട്ടക്കൊലപാതകം: മുഖ്യപ്രതി ഷൈബിന്റെ നിലമ്പൂരിലെ വീട്ടില് സിബിഐ പരിശോധന നടത്തി

Pulamanthole vaarttha
കോടികൾ ചെലവിട്ട് ഷൈബിൻ അഷ്റഫ് നിലമ്പൂരിലും സുൽത്താൻ ബത്തേരിയിലെ പുത്തൻകുന്നിലും നിർമിച്ച വീടുകളും വാഹനങ്ങളും ഇന്ന് കാടുമൂടി നശിക്കുന്നു
നിലമ്പൂർ: അബുദാബി ഇരട്ടക്കൊലപാതകക്കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റെ നിലമ്പൂരിലെ വീട്ടിൽ സി.ബി.ഐ. ഉദ്യോഗസ്ഥർ പരിശോധന നടത്തി. മൈസൂരു സ്വദേശി നാട്ടുവൈദ്യൻ ഷാബാ ഷെരീഫ് കൊലപാതകക്കേസിലെ മുഖ്യപ്രതിയാണ് ഷൈബിൻ അഷ്റഫ്. ഇയാളുടെ നേതൃത്വത്തിൽ അബുദാബിയിൽ നടത്തിയ ഇരട്ടക്കൊലപാതകക്കേസാണ് നിലവിൽ സി.ബി.ഐ. അന്വേഷിക്കുന്നത്. ഈ വീട്ടിൽവെച്ചാണ് അബുദാബിയിൽ നടന്ന കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നതെന്നാണ് നിഗമനം.
മുഖ്യപ്രതി ഷൈബിൻ അഷ്റഫ്
സി.ബി.ഐ. തിരുവനന്തപുരം സ്പെഷ്യൽ ക്രൈംബ്രാഞ്ച് യൂണിറ്റിനാണ് അന്വേഷണച്ചുമതല. ഷൈബിൻ അഷ്റഫിന്റെ വ്യാപാരപങ്കാളി കോഴിക്കോട് കുന്ദമംഗലം തത്തമ്മ പറമ്പിൽ ഹാരിസ്, ഇയാളുടെ മാനേജർ തൃശ്ശൂർ ചാലക്കുടി സ്വദേശി ഡെൻസി എന്നിവർ അബുദാബിയിൽ കൊല്ലപ്പെട്ട കേസിലാണ് സി.ബി.ഐ. അന്വേഷണം.2020 മാർച്ച് അഞ്ചിനാണ് കൊലപാതകം നടന്നത്. സംഭവം അബുദാബി പോലീസ് അന്വേഷിച്ചിരുന്നെങ്കിലും സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ ഡെൻസിയെ കൊലപ്പെടുത്തിയതിനു ശേഷം ഹാരിസ് ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിൽ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.
അബുദാബിയിൽ കൊലചെയ്യപ്പെട്ട ഡെൻസിയും ഹാരിസും
പിന്നീട് മൈസൂരു സ്വദേശി നാട്ടുവൈദ്യൻ ഷാബാ ഷെരീഫ് കൊല്ലപ്പെട്ട കേസിൽ ഷൈബിൻ അഷ്റഫും കൂട്ടാളികളും പിടിയിലായതോടെയാണ് അബുദാബി ഇരട്ടക്കൊലപാതകക്കേസ് വഴിത്തിരിവിലെത്തിയത്. ഷാബാ ഷെരീഫ് കൊലപാതകക്കേസിൽ പിടിയിലായ പ്രതികളാണ് ഷൈബിന്റെ നിർദേശപ്രകാരം ഹാരിസിനെയും ഡെൻസിയെയും കൊലപ്പെടുത്തിയതെന്നാണ് പോലീസിനോട് വെളിപ്പെടുത്തിയത്ഡെൻസിയെ കൊലപ്പെടുത്തിയശേഷം ഹാരിസ് ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീർക്കാൻ കൃത്രിമ തെളിവുകൾ സൃഷ്ടിച്ചതായും പ്രതികൾ പോലീസിനോട് സമ്മതിച്ചിരുന്നു. ഹാരിസിനെ ഷൈബിന്റെ നേതൃത്വത്തിൽ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഹാരിസിന്റെ മാതാവ് സാറാബി, സഹോദരി ഹാരിഫ എന്നിവർ നിലമ്പൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെത്തുടർന്ന് നിലമ്പൂർ പോലീസാണ് ആദ്യം കേസെടുത്തത്. പിന്നീട് ഹാരിസിന്റെ ബന്ധുക്കളുടെ ആവശ്യപ്രകാരം കേസ് സി.ബി.ഐ.ക്ക് കൈമാറുകയായിരുന്നു.
കൊല്ലപ്പെട്ട നാട്ടുവൈദ്യൻ ഷാബാ ഷെരീഫ്
കൊലപാതകംനടന്ന് ഒന്നര വർഷത്തിനു ശേഷം കഴിഞ്ഞവർഷം ഓഗസ്റ്റ് 10-ന് ഹാരിസിന്റെ മൃതദേഹവും ഓഗസ്റ്റ് 24-ന് ഡെൻസിയുടെ മൃതദേഹവും പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുകയും തുടർന്ന് മൃതദേഹഭാഗങ്ങൾ രാസപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നുകേസ് അന്തിമഘട്ടത്തിൽ ഷാബാ ഷെരീഫ് കൊലപാതക കേസ് നടപടികൾ അന്തിമഘട്ടത്തിലാണ്. കഴിഞ്ഞവർഷം മേയ് നാലിനാണ് കേസിലെ കുറ്റപത്രം അന്വേഷണസംഘം നിലമ്പൂർ ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുമ്പാകെ സമർപ്പിച്ചത്. കൊലപാതകവുമായി നേരിട്ട് ബന്ധമുള്ള 10 പേരെയാണ് അറസ്റ്റു ചെയ്തത്. രണ്ട് പ്രതികളെ ഇനിയും പിടികൂടാനുമുണ്ട്. പ്രതികളെ സഹായിച്ച മൂന്നു പേരെയും പിടികൂടിയിരുന്നു.
ഷാബാ ഷെരീഫിനെ പീഢിപ്പിക്കപ്പെടുമ്പോൾ എടുത്ത ചിത്രം ( വലതുഭാഗം ഷൈബിൻ അഷ്റഫ് )
കഴിഞ്ഞവർഷം ഏപ്രിൽ 23-ന് വീട്ടിൽക്കയറി ഒരു സംഘം തന്നെ മർദിച്ചുവെന്ന ഷൈബിന്റെ പരാതിയാണ് കൊലപാതകക്കേസിലേക്ക് അന്വേഷണം എത്തിച്ചത്. ഷൈബിനെ അക്രമിച്ച കേസിലുൾപ്പെട്ട അഞ്ച് പ്രതികൾ തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുൻപിൽ ഷൈബിനെതിരേ കൊലപാതകമടക്കമുള്ള കുറ്റകൃത്യങ്ങൾ ആരോപിച്ച് തീകൊളുത്തി ആത്മഹത്യാശ്രമം നടത്തിയിരുന്നു. ഈ സംഭവത്തിൽ തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് അഞ്ചുപേരെ കസ്റ്റഡിയിൽ എടുത്ത് നിലമ്പൂർ പോലീസിന് കൈമാറുകയും ഇവരെ ചോദ്യംചെയ്തതോടെ ഷാബാ ഷെരീഫ് കൊലപാതകത്തിന്റെ ചുരുളഴിയുകയുമായിരുന്നു. സംഭവത്തിലുൾപ്പെട്ട നൗഷാദ് ഷാബാ ഷെരീഫിനെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവ് പോലീസിനു കൈമാറുകയും ചെയ്തിരുന്നു. മൂലക്കുരുവിന് ഒറ്റമൂലി ചികിത്സ നടത്തുന്ന മൈസൂരു സ്വദേശി ഷാബാ ഷെരീഫിനെ 2019 ഓഗസ്റ്റിലാണ് തട്ടിക്കൊണ്ടുവന്നത്.
കോടികൾ ചെലവിട്ട് ഷൈബിൻ അഷ്റഫ് നിലമ്പൂരിലും സുൽത്താൻ ബത്തേരിയിലെ പുത്തൻകുന്നിലും നിർമിച്ച വീടുകൾ ഇന്ന് കാടുമൂടി നശിക്കുന്നു
ഒറ്റമൂലിയെക്കുറിച്ച് മനസ്സിലാക്കി മരുന്നുവ്യാപാരം നടത്തി പണം സമ്പാദിക്കാൻ വേണ്ടിയാണ് മുഖ്യപ്രതി ഷൈബിന്റെ നിർദേശപ്രകാരം കൂട്ടുപ്രതികൾ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുവന്നത്. എന്നാൽ, മരുന്ന് പറഞ്ഞുകൊടുക്കാൻ വൈദ്യൻ തയ്യാറാകാത്തതിനാൽ ഇയാളെ ഷൈബിനും കൂട്ടരും നിലമ്പൂരിലെ വീട്ടിൽവെച്ച് പീഡിപ്പിച്ച് 2020 ഒക്ടോബറിൽ കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം വെട്ടിനുറുക്കി ചാലിയാർ പുഴയിലേക്ക് എറിഞ്ഞതായും പ്രതികൾ മൊഴിനൽകിയിരുന്നു. മൃതദേഹം വെട്ടിനുറുക്കിയ ശൗചാലയത്തിന്റെ പൈപ്പ്, നവീകരിച്ച ശൗചാലയത്തിൽ നിന്ന് നീക്കംചെയ്ത ടൈൽ, മണ്ണ്, സിമന്റ് എന്നിവയിൽ നിന്നുമായി ലഭിച്ച രക്തക്കറ, ചാലിയാർ പുഴയിൽ തിരച്ചിലിനിടെ കണ്ടെത്തിയ എല്ല്, മൃതദേഹം കൊണ്ടുപോകാനുപയോഗിച്ച ഷൈബിന്റെ ഹോണ്ടാ സിറ്റി കാറിൽനിന്ന് ലഭിച്ച മുടി, മൃതദേഹം വെട്ടിനുറുക്കാനുപയോഗിച്ച പുളിമരപ്പലകയുടെ കുറ്റി എന്നിവയാണ് അന്വേഷണസംഘത്തിന് കണ്ടെത്താനായ നിർണായകതെളിവുകൾ