നാടിനെ നടുക്കിയ തേലക്കാട് ബസ് ദുരന്തം നടന്നിട്ട് നാളേക്ക് പത്ത് വർഷം

Pulamanthole vaarttha
പെരിന്തൽമണ്ണ : അന്നൊരു വെള്ളിയാഴ്ചയായിരുന്നു. ചെറിയ ചാറ്റൽ മഴയുളള ഒരു ഉച്ച നേരം പെരിന്തൽമണ്ണയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ഓണ പരീക്ഷ കഴിഞ്ഞു വീടുകളിലേക്ക് മടങ്ങിയ നിരവധി വിദ്യാർത്ഥികളെ അടക്കം നിറച്ചു മേൽകുളങ്ങരയെന്ന കൊച്ചു ഗ്രാമത്തിലേക്ക് പോകുകയായിരുന്നു ഫ്രണ്ട്സ് എന്ന ആ മിനി ബസ് സ്കൂളുകളിൽ നിന്നും കൂട്ടുകാരികളോട് യാത്ര പറഞ്ഞിറങ്ങിയവർ , ആശുപത്രികളിൽ നിന്നും സ്വന്തക്കാരെ കണ്ട് മടങ്ങിയവർ , എല്ലാവരേയും കൊണ്ട് തിങ്ങിനിറഞ്ഞ ആ ‘ ബസ് തങ്ങളുടെ ഗ്രാമത്തിന്റെ വിളിപ്പാടകലെ വെച്ച് നിയന്ത്രണം വിട്ട് വഴിയരികിലെ കൂറ്റൻ മരത്തിലിടിച്ചു ണ്ടായ ആ മഹാദുരന്തത്തിന് നാളേക്ക് പത്താണ്ട് .
അന്ന് അപകടത്തിൽ തകരാതെ ശേഷിച്ച ബസിൻറെ പിൻഭാഗം- അപകടത്തിൽ മരണപ്പെട്ടവരും
2013 സപ്തംബർ ആറിനായിരുന്നു നാടിനെ നടുക്കിയ ദുരന്തം. പെരിന്തൽമണ്ണയിൽനിന്ന് മേൽക്കുളങ്ങരയിലേക്കു പോവുകയായിരുന്ന ഫ്രണ്ട്സ് ബസാണ് അപകടത്തിൽപ്പെട്ടത്. അലനല്ലൂർ- കാര്യവട്ടം പാതയിൽ തേലക്കാടിനു സമീപം അലനല്ലൂർ- കാര്യവട്ടം പാതയിൽ തേലക്കാടിനു സമീപം പൂവ്വക്കുണ്ടിൽ റോഡരികിലെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ഏഴ് വിദ്യാർഥിനികളടക്കം 15 പേർ മരിച്ചതിൽ 11 പേരും മേൽക്കുളങ്ങര സ്വദേശികളായിരുന്നു. സഹോദരങ്ങളും അടുത്തടുത്ത വീടുകളിലുള്ളവരും ഒരേ കോളേജിൽ പഠിക്കുന്നവരുമൊക്കെയാണ് മരിച്ചവരിലും പരിക്കേറ്റവരിലുമുണ്ടായിരുന്നത്.
ഇന്നും മൂക സാക്ഷിയായി …ബസ് ഇടിച്ച കൂറ്റൻ മരം ഇപ്പോൾ
ഇനിയും സംസാരിക്കാൻ കഴിയാതെ സുഹൈൽ.
സുഹൈൽ കഴിഞ്ഞ വര്‍ഷം പട്ടിക്കാട് വിന്നർ കോളേജിൽ എത്തിയപ്പോൾ (ചുകപ്പ് ഷർട്ട് ) കൂടെ കോളേജ് പ്രിൻസിപ്പാൾ
ജീവിതത്തിലേക്ക് തിരികെ വന്നെങ്കിലും അന്ന് അപകടത്തിൽ സാരമായി പരിക്കേറ്റ സുഹൈലിന് നഷ്ടപ്പെട്ട സംസാരശേഷി ഇതുവരെയും തിരിച്ചു കിട്ടിയില്ല. അപകടത്തിൽപെട്ട് ഗുരുതരമായി പരുക്കേറ്റ സുഹൈൽ ഒന്നര മാസത്തോളം ചികിത്സയിൽ കഴിഞ്ഞിരുന്നു. മേൽക്കുളങ്ങരയിലെ മാടാമ്പാറ അബ്ദുൽ ഖാദർ-ആമിന ദമ്പതികളുടെ മകനാണ്. പട്ടിക്കാട് വിന്നർ കോളജിൽ പ്ലസൺ വിദ്യാർഥിയായിരുന്ന സുഹൈൽ ക്ലാസ് കഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അപകടത്തിൽപെടുന്നത്. ഗുരുതരമായി പരുക്കേറ്റ് ശരീരം അനക്കാൻ പോലും കഴിയാത്ത അവസ്ഥയിൽനിന്ന് നിരന്തര ചികിത്സയിലൂടെയാണ് സുഹൈൽ തിരിച്ചെത്തിയത്. ഇടയ്ക്ക് സഹപാഠികൾ കാണാൻ വന്നപ്പോൾ അവരോട് സുഹൈൽ സംസാരിക്കാൻ ശ്രമിച്ചതു പ്രതീക്ഷയുണർത്തി. ഡോക്ടർമാരുടെ നിർദേശപ്രകാരം വീണ്ടും കോളജിലെത്തിച്ചു.അധ്യാപകരുടെയും സഹപാഠികളുടെയും പിന്തുണയും പ്രോത്സാഹനവും എല്ലാം ഉണ്ടായപ്പോൾ പ്ലസ്ട്രുവിൽ വാർഷിക പരീക്ഷ എഴുതി. ഇപ്പോൾ 25 വയസ്സുണ്ട്.
പ്രാർത്ഥനാ സദസ്സ് സംഘടിപ്പിച്ചു മേൽകുളങ്ങര ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി
നാട്ടുകാരുടെ മനസ്സിൽ നിന്ന് ഒരിക്കലും മറന്നുപോകാത്ത ആ കറുത്ത ദിനത്തിന്റെ ഓർമ്മകളിൽ നാട് ഇന്നലെ വീണ്ടും പ്രാർത്ഥനാ മനസ്സുമായി ഒരുമിച്ചു കൂടി.. മേൽകുളങ്ങര ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയാണ് ബസ് അപകട അനുസ്മരണ, പ്രാർത്ഥനാ സദസ്സ് സംഘടിപ്പിച്ചത്. മണ്ഡലം എം എൽ എ നജീബ് കാന്തപുരം അബ്ദുസമദ് സമദാനി എം പി മഞ്ഞളാം കുഴി അലി എം എൽ എ തുടങ്ങിയവർ പങ്കെടുത്ത പരിപാടിയിൽ നിരവധി പേരാണ് പങ്കെടുത്തത്
ഇന്നലെ മേൽകുളങ്ങരയിൽ നടന്ന പ്രാർത്ഥനാസദസ്സ്
2013 ആഗസ്റ്റ് മാസം താനൂരിൽ എട്ടുപേരുടെ മരണത്തിനിടയാക്കിയ ബസ്സപകടം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴായിരുന്നു വെട്ടത്തൂർ മേൽക്കുളങ്ങര മറ്റൊരപകടത്തിന് സാക്ഷ്യംവഹിച്ചത്. അപകടത്തില്‍ ഡ്രൈവര്‍ സല്മാന് ഇംത്യാസും മരിച്ചു. ടയര്‍ പൊട്ടിയാണ് ബസ് മറിഞ്ഞെതെന്നായിരുന്നു പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതെങ്കിലും അശ്രദ്ധമായ ഡ്രൈവിങും അമിത വേഗതയുമാണ് അപകടത്തിന് കാരണമെന്ന് പിന്നീട് സ്ഥിരീകരിക്കുകയുണ്ടായി. റോഡ് നിർമാണത്തിലെ അശാസ്ത്രീയതയും അപകടത്തിന് കാരണമായിരുന്നു. വെളളിയാഴ്ച ഉച്ച സമയം ആയതിനാൽ എല്ലാവരും പളളികളിൽ ആയതിനാൽ സഹായത്തിന് ആളുകളെത്താൻ വൈകിയതും അപകടത്തിന്റെ വ്യാപ്തി കൂട്ടി . സ്വപ്നങ്ങളും പ്രതീക്ഷകളും തകര്‍ത്തെറിഞ്ഞ കറുത്ത വെള്ളിയാഴ്ചയുടെ വിങ്ങുന്ന ഓർമ്മകളുമായി മേല്‍ക്കുളങ്ങര ഗ്രാമത്തിൽ മരിച്ചവരുടെ ഓര്‍മ്മകള്‍ക്കൊപ്പം രക്ഷപ്പെട്ടവരുടെ വേദനകളും ഇന്നും നാടിൻറെ നൊമ്പരക്കാഴ്ചയാണ്. അതോടൊപ്പം അപകടത്തിന്റെ മൂകസാക്ഷിയായി അസ്ഥിപഞ്ജരമായി കാടുകയറിയ നിലയില്‍ പാണ്ടിക്കാട് പഴയ എസ്.ഐ. ക്വാര്‍ട്ടേഴ്സിന് സമീപം ബസിന്റെ അവശിഷ്ടങ്ങളിൽ ചിലത് ഇപ്പോഴും തുരുമ്പെടുക്കുന്നുണ്ട്.
മറക്കാൻ കഴിയില്ല അരികത്തായുള്ള ആ പത്ത് ഖബറുകൾ
അപകടത്തിൽ മരണപ്പെട്ടവരിൽ പത്തുപേർക്ക് അരിക്കത്തയ് ഒരുക്കിയ ഖബറുകൾ
തേലക്കാട് ബസ് അപകടത്തിൽ മരിച്ചവരുടെ കബറടക്കത്തിന് സാക്ഷ്യം വഹിക്കേണ്ട അവസ്ഥ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്തതാണെന്ന് മേൽക്കുളങ്ങര മഹല്ല് ഖാസി എ.എം.അബ്ദു മുസല്യാർ പറയുന്നു 1981 മുതൽ മഹല്ല് ഖാസിയാണ്. ഇതു വരെ ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല. തൊട്ടടുത്തായിട്ടാണ് പത്തു പേർക്കും കബർ ഒരുക്കിയത്. ഇടയ്ക്കിടെ ബന്ധുക്കൾ ഉൾപ്പെടെ കബർസ്ഥാനിൽ പ്രാർഥനയ്ക്കായി ഇപ്പോഴും എത്താറുണ്ട്